Association of Vehicles Owners Kerala - AVOK MEMBERSHIP
Organization

Chapter Committee



Article 6 / Section 2: Chapter Committee

Article 6 / Section 2: അസോസിയേഷൻ ഒാഫ് വെഹിക്കിൾ ഓണേഴ്സ് കേരളയുടെ സംഘടനാ ശ്രേണിയിലെ ക്ലസ്റ്ററിന് മുകളിൽ രണ്ടാമത്തെ  സുപ്രധാന ഘടകമാണ് ചാപ്റ്റർ. സംസ്ഥാനത്തെ പഞ്ചായത്തീ രാജ് അനുസരിച്ചു സ്ഥാപിതമായ ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി വാർഡുകൾ, കോർപറേഷൻ വാർഡുകൾ എന്നിവയാണ് ചാപ്റ്ററുകളായി നിർണയിക്കപ്പെട്ടിട്ടുള്ളത്. ചാപ്റ്റർ രൂപീകരിക്കപ്പെട്ട  പഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റി / കോർപറേഷൻ വാർഡിന്റെയോ പേര് തന്നെയായിരിക്കണം അതാത് ചാപ്റ്ററിനുണ്ടായിരിക്കേണ്ടത് . നാല് വർഷമാണ് ചാപ്റ്റർ കമ്മിറ്റിയുടെ കാലാവധി.
 
Article6/Section2/A .ചാപ്റ്റർ ജനറൽ കൗൺസിൽ
പഞ്ചായത്ത്, മുനിസിപ്പാലിറ്റി / കോർപറേഷൻ വാർഡ് പരിധിയിലുള്ള ക്ലസ്റ്ററുകളിൽ നിന്നുള്ള പ്രതിനിധികളടങ്ങിയ പൊതു സഭയാണ് ജനറൽ കൗൺസിൽ. ചാപ്റ്ററുകളുടെ പരിധിയിൽ രൂപീകരിക്കപ്പെട്ട ക്ലസ്റ്ററുകളുടെ എണ്ണത്തിനനുസരിച്ച് ക്ലസ്റ്ററിൽ നിന്ന് ചാപ്റ്ററിലേക്ക് 2 മുതൽ 5 വരെ അംഗങ്ങൾ വീതമാണ്  ഉണ്ടാവുക . പഞ്ചായത്ത് , മുനിസിപ്പൽ / കോർപറേഷൻ വാർഡ് പരിധിയിൽ  കുറഞ്ഞത് 5 ക്ലസ്റ്റർ രൂപീകരിക്കപ്പെട്ടത്തിന് ശേഷമേ അതാത് പഞ്ചായത്തിന് അല്ലെങ്കിൽ മുനിസിപ്പൽ / കോർപറേഷൻ വാർഡിന് ചാപ്റ്റർ അനുവദിക്കുകയുള്ളൂ. അതായത് ചാപ്റ്റർ രൂപീകരിക്കണമെങ്കിൽ കുറഞ്ഞത് 5 ക്ലസ്റ്ററുകളുടെ പിന്തുണ ആവശ്യമാണ്. ചാപ്റ്റർ ജനറൽ കൗൺസിൽ കുറഞ്ഞത് 21 അംഗങ്ങൾ ഉണ്ടായിരിക്കണം. ചാപ്റ്റർ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്നാണ് ചാപ്റ്റർ പ്രസിഡന്റ് , രണ്ട്  വൈസ് പ്രസിഡന്റുമാർ, അഞ്ചു വകുപ്പുതല          സെക്രട്ടറിമാർ ( ഓർഗനൈസേഷൻ സിക്രട്ടറി, പ്രോഗ്രാം സെക്രട്ടറി, മീഡിയ സിക്രട്ടറി, ഫിനാൻസ് സെക്രട്ടറി, ലീഗൽ സെക്രെട്ടറി)   7 അംഗ ചാപ്റ്റർ  എക്സിക്യൂട്ടീവ് എന്നിവ തിരഞ്ഞെടുക്കേണ്ടത് . സിക്രട്ടറിമാരെ തിരഞ്ഞെടുക്കാനുള്ള അവകാശം ചാപ്റ്റർ  പ്രസിഡണ്ടിന് മാത്രമായിരിക്കും.  ജനറൽ കൗൺസിൽ യോഗത്തിൽ സന്നിഹിതരായ ക്ലസ്റ്റർ പ്രതിനിധികൾക്ക്  മാത്രമാണ്  വോട്ടിംഗിൽ പങ്കെടുക്കാൻ അവകാശം ഉണ്ടാവുക.  തെരഞ്ഞെടുക്കപ്പെട്ട ചാപ്റ്റർ കമ്മിറ്റി  ഗാർഡിയൻ കൗൺസിലിന്റെ  അംഗീകാരം നേടേണ്ടതാണ്. ചാപ്റ്റർ പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, അഞ്ച് സിക്രട്ടറിമാർ (ഫിനാൻസ് സിക്രട്ടറി, ഒാർഗനൈസേഷൻ സിക്രട്ടറി, പ്രോഗ്രാം സിക്രട്ടറി, മീഡിയ സിക്രട്ടറി, ലീഗൽ സിക്രട്ടറി)  ഏഴ് അംഗ  എക്സിക്യുട്ടീവ്, ചുരുങ്ങിയത് 7  ജനറൽ കൗൺസിൽ അംഗങ്ങൾ എന്നിവരാണ് ചാപ്റ്റർ ജനറൽ കൗസിലിൽ ഉണ്ടാവുക.
 
Article6/Section2/B:: ജനറൽ കൗൺസിൽ  യോഗനടപടികൾ
ക്ലസ്റ്റർ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളാണ് ചാപ്റ്റർ ജനറൽ കൗൺസിൽ അംഗങ്ങൾ. ഇൗ അംഗങ്ങൾ കൂടിയാലോചിച്ചാണ്   ജനറൽ കൗൺസിൽ യോഗം ചേരേണ്ടത്. അംഗങ്ങളിൽ അവോക് പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുന്നവരിൽ ഒരാൾ യോഗാദ്ധ്യക്ഷനായിരിക്കണം. യോഗം ചേരുന്നതിനു കുറഞ്ഞത് മുന്നിൽ രണ്ട് ഭാഗം അംഗങ്ങളുടെ ക്വോറം തികഞ്ഞിരിക്കണം. ഇൗ ആദ്യ  യോഗത്തിലാണ് ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടത്. പിന്നീട് നടക്കുന്ന യോഗങ്ങളിൽ ചാപ്റ്റർ പ്രസിഡന്റ് അധ്യക്ഷത വഹിക്കുകയും ഓർഗനൈസഷൻ സെക്രട്ടറി യോഗ നടപടികൾ നിഖപ്പെടുത്തുകയും വേണം. ചാപ്റ്ററിൽ നിലനിൽക്കുന്ന സവിശേഷമായ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതും വോട്ടിങ് അടിസ്ഥാനത്തിൽ തീരുമാനമെടുക്കേണ്ടതും ജനറൽ കൗൺസിൽ യോഗങ്ങളിലാണ്. ജനറൽ കൗൺസിൽ പാദവാർഷിക യോഗങ്ങൾ നിർബന്ധമായും നടന്നിരിക്കണം. പാദവാർഷിക യോഗങ്ങളിൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യണം. അസോസിയേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങളുമായി ബന്ധമില്ലാത്ത യാതൊരു കാര്യങ്ങളും യോഗങ്ങളിൽ അജണ്ടയായി വരികയോ അജണ്ടയ്ക്കപ്പുറമുള്ള ചർച്ചയായോ വരരുത്. യോഗ അജണ്ടകൾ എക്സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം പ്രസിഡന്റ് ആണ് തീരുമാനിക്കേണ്ടത്. മുഴുവൻ ജനറൽ കൗൺസിൽ അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരിക്കും.  എന്നാൽ വോട്ടിങ് തുല്യത പാലിക്കുന്ന പക്ഷം പ്രസിഡന്റിന്  കാസ്റ്റിങ് വോട്ട് ഉപയോഗിച്ച്  അന്തിമ വിധി നിർണയിക്കാനുള്ള അധികാരമുണ്ട്.
 
 Article6/Section2/C:: ചാപ്റ്റർ എക്സിക്യൂട്ടീവ്  കൗൺസിൽ
ചാപ്റ്റർ  ജനറൽ കൗൺസിലിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഏഴ്  എക്സിക്യൂട്ടീവ് അംഗങ്ങൾ , അഞ്ച്  വകുപ്പ് തല സിക്രട്ടറിമാർ, രണ്ട് ചാപ്റ്റർ   വൈസ് പ്രസിഡന്റുമാർ, ചാപ്റ്റർ  പ്രസിഡന്റ് എന്നിവരടങ്ങിയ പതിനഞ്ച്  അംഗങ്ങളുടെ ബോഡിയാണ് ക്ലസ്റ്റർ എക്സിക്യൂട്ടീവ് കൗൺസിൽ. ചാപ്റ്ററുകളിൽ  അവോക് പദ്ധതികളും പരിപാടികളും കാര്യക്ഷമതയോടെ  സമയബന്ധിതമായി നടപ്പാക്കുകകയാണ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ മുഖ്യ ചുമതല. അടിയന്തിര ഘട്ടങ്ങളിൽ യോഗം ചേർന്ന് തീരുമാനങ്ങെളെടുക്കാനും നടപ്പാക്കാനും എക്സിക്യൂട്ടീവ് കൗൺസിലിന് അധികാരമുണ്ട് .
 
Article6/Section2/D:  യോഗ നടപടികൾ
ചാപ്റ്റർ പ്രസിഡന്റ് ആണ് എക്സിക്റ്റീവ് കൗൺസിൽ യോഗം വിളിക്കേണ്ടത്. പ്രസിഡന്റിന്റെ അഭാവത്തിൽ അദ്ദേഹം ചുമതലപ്പെടുത്തിയ വൈസ് പ്രസിഡന്റിന് എക്സിക്യൂട്ടീവ് കൗൺസിൽ യോഗം വിളിച്ചു ചേർക്കാം. മൊത്തം അംഗസംഖ്യയുടെ മൂന്നിൽ രണ്ട് അംഗങ്ങൾ  നിർബന്ധമായും യോഗത്തിൽ പങ്കെടുത്തിരിക്കണം. ക്വാറം തികയാത്ത യോഗങ്ങളിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ല.
യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടതും നടപടികൾ  നിയന്ത്രിക്കേണ്ടതും പ്രസിഡന്റ് / വൈസ് പ്രസിഡന്റ് ആണ്. യോഗവുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറേക്കേണ്ട ചുമതല സംഘടനാ കാര്യ ചുമതല വഹിക്കുന്ന ഓർഗനൈസേഷൻ സിക്രട്ടറി ആണ്. യോഗ അജണ്ടകൾ നിശ്ചയിക്കേണ്ടത്  പ്രസിഡന്റ് ആണ്.എന്നാൽ കൗൺസിൽ അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കണം അജണ്ടകൾ അന്തിമമായി തീരുമാനിക്കേണ്ടത്.  പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് വോട്ടിങ് അടിസ്ഥാനത്തിലായിരിക്കണം. അസോസിയേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങളുമായി ബന്ധമില്ലാത്ത യാതൊരു കാര്യങ്ങളും യോഗങ്ങളിൽ അജണ്ടയായി വരികയോ അജണ്ടയ്ക്കപ്പുറമുള്ള ചർച്ചയായോ വരരുത്.  മുഴുവൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരിക്കും.  എന്നാൽ വോട്ടിങ് തുല്യത പാലിക്കുന്ന പക്ഷം പ്രസിഡന്റിന്  കാസ്റ്റിങ് വോട്ട് ഉപയോഗിച്ച്   ചെയ്ത അന്തിമ വിധി നിർണയിക്കാനുള്ള അധികാരമുണ്ട്.
 
Article6/Section2/E: ചാപ്റ്റർ  പ്രസിഡന്റ്.
ചാപ്റ്ററുകളിൽ നടക്കേണ്ട  അവോക് പ്രവർത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും നേതൃത്വവും പ്രസിഡന്റിൽ നിക്ഷിപ്തമാണ്  കുറ്റമറ്റ രീതിയിൽ അവോക് പദ്ധതികളും പരിപാടികളും നടപ്പിലാക്കുക  എന്നുള്ളതാണ്  സോണൽ പ്രസിഡന്റിന്റെ പ്രാഥമിക ചുമതല.  ചാപ്റ്റർ പ്രസിഡന്റിന്റെ പ്രധന ചുമതലകൾ താഴെ നൽകുന്നു.

1  ചാപ്റ്റർ ജനറൽ കൗൺസിൽ / എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങളിൽ അധ്യക്ഷത വഹിക്കുക
2  ചാപ്റ്റർ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർഷിക റിപ്പോർട്ട്  ഉപരി ഘടകമായ സോണൽ കമ്മിറ്റിക്ക്  സമർപ്പിക്കുക.
3  സോണൽ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്ന്  വകുപ്പ് തല സിക്രട്ടറിമാരെ തിരഞ്ഞെടുക്കുക.
4  ജനറൽ / എക്സിക്യൂട്ടീവ് യോഗങ്ങളിൽ വോട്ടിങ് തുല്ല്യനില പാലിക്കുന്ന ഘട്ടങ്ങളിൽ കാസ്റ്റിങ് വോട്ട് ചെയ്ത് അന്തിമ വിധി നിർണ്ണയിക്കുക.
5  ചാപ്റ്റർ കമ്മിറ്റിയുമായി ബന്ധപ്പെട്ട  രേഖകൾ റെക്കോർഡുകൾ മിനുട്സ് എന്നിവ സൂക്ഷിക്കുക.
6  ചാപ്റ്ററിന്റെ ഒൗദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ക്രീഡൻഷ്യലുകൾ സൂക്ഷിക്കുക.
7 ചാപ്റ്റർ  പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി വൈസ് പ്രസിഡന്റുമാർക്ക് ചുമതലകൾ വീതിച്ചു നൽകുക.

Article6/Section2/F:  ചാപ്റ്റർ വൈസ് പ്രസിഡന്റ്.
ചാപ്റ്റർ  പ്രസിഡന്റിന്റെ അസാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ പ്രസിഡന്റ്  പ്രത്യേകമായി ചുമതലപ്പെടുത്തിയ കാര്യങ്ങൾ നിർവ്വഹിക്കേണ്ട അവോക്  ഭരണഘടന സംവിധാനമാണ് വൈസ് പ്രസിഡന്റ്.  പ്രസിഡന്റിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ പ്രത്യേകാനുമതിയോടെ ചാപ്റ്റർ ജനറൽ കൗൺസിൽ, എക്സിക്യൂട്ടീവ്  കൗൺസിൽ എന്നിവ വിളിച്ചു ചേർക്കുന്നതിനും തിരുമാനങ്ങളെടുക്കുന്നതിനും വൈസ് പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും.  എന്നാൽ അത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് ലഭ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച്  രേഖാ മൂലമോ ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചോ പ്രസിഡന്റിനെ അറിയിക്കേണ്ടതും അനുമതി വാങ്ങുകയും ചെയ്യേണ്ടതാണ്
 
Article6/ Section2/G:  ചാപ്റ്റർ സിക്രട്ടറി: വകുപ്പുകളും  ചുമതലകളും.
1. ഫിനാൻസ് സിക്രട്ടറി : അക്കൗണ്ടൻസിയിൽ സാമാന്യ ജ്ഞാനമുള്ളവരെയാണ് ഫിനാൻസ് സെക്രട്ടറിയായി തിരഞ്ഞെടുക്കേണ്ടത്.   ചാപ്റ്റർ നടത്തുന്ന മുഴുവൻ പരിപാടികളുടെയും പദ്ധതി പ്രവർത്തനങ്ങളുടെയും സാമ്പത്തിക ക്രയവിക്രങ്ങൾ കൈകാര്യം ചെയ്യുക. അത് സംബന്ധിച്ച കണക്കുകൾ , രേഖകൾ , റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കുക. റിപ്പോർട്ട് പ്രസിഡന്റ് ആവശ്യപ്പെടുമ്പോൾ നൽകുക. എക്സിക്യൂട്ടീവ് / ജനറൽ കൗസിൽ യോഗങ്ങളിൽ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുക തുടങ്ങിയവയാണ് ഫിനാൻസ് സിക്രട്ടറിയുടെ പ്രധാന ചുമതലകൾ.
 
2. ഓർഗനൈസേഷൻ സിക്രട്ടറി: ഒരു ചാപ്റ്ററിന്റെ സംഘടനാ കാര്യങ്ങൾ മുഴുവൻ ഓർഗനൈസേഷൻ സിക്രട്ടറിയിൽ നിക്ഷിപ്തമാണ്. കീഴ് ഘടകമായ ക്ലസ്റ്ററിൽ മുഖേന പുതിയ അംഗങ്ങളെ ചേർക്കുക, അവോക്  ക്ലസ്റ്ററുകൾ ഇല്ലാത്തയിടങ്ങളിൽ പുതിയ ക്ലസ്റ്റർ രൂപീകരിക്കുക. എക്സിക്യൂട്ടീവ് / ജനറൽ കൗസിൽ യോഗങ്ങൾക്കുള്ള ക്രമീകരണം നടത്തുക. യോഗങ്ങളിലേക്ക് അംഗങ്ങളെ ക്ഷണിക്കുക. യോഗ നടപടികൾ രേഖപ്പെടുത്തുക, സംഘടനാ റിപ്പോർട്ട് തയ്യാറാക്കുക. റിപ്പോർട്ട്  പ്രസിഡന്റ് ആവശ്യപ്പെടുമ്പോൾ  കൈമാറുക. ജനറൽ വാർഷിക കൗൺസിൽ യോഗങ്ങളിൽ സംഘടനാ റിപ്പോർട്ട്  അവതരിപ്പിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
 
3. പ്രോഗ്രാം സിക്രട്ടറി: ചാപ്റ്റർ കമ്മിറ്റിയുടെ തീരുമാനങ്ങൾക്കനുസരിച്ച്   അവോക് പദ്ധതികളും പരിപാടികളും ചാപ്റ്ററിൽ കുറ്റമറ്റ രീതിയിൽ സമയ ബന്ധിതമായി  നടപ്പാക്കുകയാണ് പ്രോഗ്രാം സിക്രട്ടറിയുടെ പ്രഥമ ദൗത്യം. സംഘടന നേതൃത്വം നൽകുന്ന സമരങ്ങൾ, പ്രതിഷേധ പരിപാടികൾ, പദ്ധതി പ്രവർത്തനങ്ങൾ, പൊതു യോഗങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം പ്രോഗ്രാം സെക്രട്ടറിയുടെ ചുമതലയാണ്. 

 
4. മീഡിയ സിക്രട്ടറി: സോഷ്യൽ മീഡിയ ആണ് പ്രധാന പ്രവർത്തന മേഖല. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിൽ അവഗാഹമുള്ളരെ മാത്രമേ മീഡിയ സിക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ പാടുള്ളൂ.  അവോക് പദ്ധതികളുടെയും പരിപാടികളുടെയും വാർത്തകളും സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ  അതാത് ചാപ്റ്ററിൽ മുഴുവൻ ജനങ്ങളിലും  എത്തിക്കുകയാണ് മീഡിയ സിക്രട്ടറിയുടെ പ്രധാന ചുമതല. ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങി ലഭ്യമായ എല്ലാ സമൂഹമാധ്യങ്ങളിലും  ചാപ്റ്റർ കേന്ദ്രീകരിച്ച് നടക്കുന്ന അവോക് പ്രവർത്തനങ്ങളുടെ വാർത്തകൾ , ചിത്രങ്ങൾ , വീഡിയോകൾ പോസ്റ്റ് ചെയ്യുക.  ചാപ്റ്റർ ജനറൽ കൗൺസിൽ , എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾക്കായി പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുക, ചാപ്റ്റർ പരിധിയിലുള്ള മുഴുവൻ അവോക് അംഗങ്ങളെയും ചേർത്ത് വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ്  സൃഷ്ടിച്ച് പരിപാലിക്കുക തുടങ്ങിയവയെല്ലാം മീഡിയ സിക്രട്ടറിയുടെ ചുമതലയാണ്.
 
5. ലീഗൽ സിക്രട്ടറി: പൊതുവ്യവഹാരങ്ങളിൽ പ്രവൃത്തിപരിചയവും ധാരണയും ഉള്ളവരെയാണ് ലീഗൽ സിക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കേണ്ടത്. ചാപ്റ്റർ പരിധിയിലുള്ള റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പരിശോധനകൾ, നിയമ നടപടികൾ, ഗതാഗത  പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നടപടികൾ, ചാപ്റ്ററിലെ അവോക് അംഗത്വമുള്ള വാഹന ഉടമകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയവയാണ് ലീഗൽ സിക്രട്ടറിയുടെ ചുമതലകൾ.
 
Article6/Section2/H: ചാപ്റ്റർ കമ്മിറ്റിയുടെ ചുമതലകൾ.
അസോസിയേഷൻ ഓഫ് വെഹിക്കിൾ ഒാണേഴ്സ്  കേരള എന്ന പ്രസ്ഥാനത്തിന്റെ അടിത്തറയാണ് ചാപ്റ്ററുകൾ.  അത്കൊണ്ട് തന്നെ സംഘടനയെ സംബന്ധിച്ച വളരെ നിർണ്ണായകമായ ഉത്തരവാദിത്വങ്ങളും ചുമതലകളും ചാപ്റ്ററിന് വഹിക്കാനുണ്ട്.  അവയിൽ പ്രധനപ്പെട്ടചുമതലകൾ ഇവയാണ്.  

1  ചാപ്റ്ററുകളുടെ പരിധിയിൽ വരുന്ന വാഹന ഉടമകളെ പ്രാഥമികാംഗങ്ങളായി ചേർക്കുക.
2  ചാപ്റ്റർ പരിധിയിലുള്ള അവോക് അംഗത്വമുള്ള വാഹന ഉടമകളുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുക.
3  ചാപ്റ്ററുകളിൽ നിർമ്മിക്കപ്പെടുന്ന/അറ്റകുറ്റപണികൾ നടക്കുന്ന റോഡുകളുടെ നിർമ്മാണം നിരീക്ഷിക്കുക. 
4  നിർമ്മാണത്തിൽ ക്രമക്കേടുകൾ ശ്രദ്ധയിൽ പെടുന്ന പക്ഷം  ആവശ്യമായ നടപടികൾ കൈകൊള്ളുക.
5  മേൽഘടകത്തിന്റെ അനുമതിയോടെ സംഘടനയുടെപ്രവർത്തന ഫണ്ടിലേക്ക് ധനസമാഹരണം നടത്തുക.
6  മേൽഘടകങ്ങളിൽ നിന്ന് വരുന്ന മറ്റു നിർദ്ദേശങ്ങളും പരിപാടികളും നടപ്പിലാക്കുക.
7  ചാപ്റ്ററിന്റെ മേൽഘടകമായ സോണിലേക്ക് ആവശ്യമായ  പ്രതിനിധികളെ  നോമിനേറ്റ് ചെയ്യുക.
8  ചാപ്റ്റർ പരിധിയിൽ നടക്കുന്ന അവോക് പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നൽകുക.
9 ചാപ്റ്റർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ,റെക്കോർഡുകൾ, മിനുട്സ് എന്നിവ സൂക്ഷിക്കുക
10  പ്രഖ്യാപിത പദ്ധതികൾക്ക് പുറമെ ചാപ്റ്ററിന്റെ സവിശേഷ വിഷയങ്ങളിൽ  ജനറൽ കൗസിലിൽ തീരുമാനമെടുക്കുക

Article 6 / Section 2 / I: ചാപ്റ്റർ കമ്മിറ്റി തിരഞ്ഞെടുപ്പിനു മാർഗ്ഗനിർദ്ദേശങ്ങൾ.

1  പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക്  പരമാവധി മൂന്ന് പേർ മാത്രം മത്സരിക്കുക.
2  കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ശിക്ഷക്ക് വിധേയരായവരെ യാതൊരു  സ്ഥാനത്തേക്കും  പരിഗണിക്കരുത്.
3  സംഘാടന  മികവും കാര്യനിർവ്വഹണ ശേഷിയുമുള്ളവരെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കുക.
4  അഴിമതി, ക്രിമിനൽ പാശ്ചാത്തലമുള്ളവരെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കരുത്.
5  സിക്രട്ടറിമാരെ തിരഞ്ഞെടുക്കാനുള്ള അവകാശം ചാപ്റ്റർ പ്രസിഡന്റിന് മാത്രമാണ്.