Association of Vehicles Owners Kerala - AVOKMEMBERSHIP
Organization
State Committee
Article6/Section5: സ്റ്റേറ്റ് കമ്മിറ്റി
അസോസിയേഷൻ ഓഫ് വെഹിക്കിൾ ഒാണേഴ്സ് കേരള, കേരളം എന്ന സംസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടന എന്ന നിലയിൽ സംഘടനയുടെ ഉന്നതാധികാര സമിതിയും കേന്ദ്ര പ്രതിനിധിസഭയുമാണ് സംസ്ഥാന കമ്മിറ്റി അഥവാ സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ . ഡിസ്ട്രിക്റ്റ് കമ്മിറ്റികളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന 28 അംഗങ്ങൾ, ഗാർഡിയൻ കൗൺസിൽ നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങൾ, 2 വൈസ് പ്രസിഡന്റുമാർ, സംസ്ഥാന പ്രസിഡന്റ് എന്നിവർ ഉൾപ്പെട്ട 41 അംഗ സഭയാണിത്. അസോസിയേഷൻ ഒാഫ് വെഹിക്കിൾ ഒാണേഴ്സ് കേരളയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കും നയങ്ങൾക്കും അനുസൃതമായി സംസ്ഥാന വ്യാപകകമായി നടപ്പിലാക്കേണ്ട പദ്ധതികൾക്കും പരിപാടികൾക്കും രൂപം നൽകപ്പെടുന്നതും അവ കീഴ് ഘടകങ്ങളിലൂടെ പ്രവൃത്തിപഥത്തിലെത്തിക്കുന്നതും ഇൗ സ്റ്റേറ്റ് ഗവേണിങ് കൗൺസിലാണ്. റോഡ് സുരക്ഷയെകുറിച്ച് യാതൊരു ധാരണയും ബോധവുമില്ലാത്ത മൂന്ന് കോടിയിലേറെ ജനങ്ങളും ഒരു കോടിയിലേറെ വാഹന ഉടമകളും, ഒന്നരക്കോടിയിലേറെ വാഹനങ്ങളും ഉള്ള, വർഷാവർഷം ശരാശരി 4000 മനുഷ്യർ റോഡിൽ കൊല്ലപ്പെടുന്ന, 40000 മനുഷ്യർക്ക് ഗുരുതരമായി പരിക്കേൽക്കുന്ന, റോഡ് വികസന പദ്ധതികളുടെ പണത്തിന്റെ സിംഹഭാഗവും മോഷ്ടിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഭരിക്കുന്ന, ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട റോഡുകൾ കേവലം 10 ശതമാനത്തിൽ താഴെ മാത്രമുള്ള, അതിസങ്കീർണ്ണമായ വാഹന ഗതാഗത പ്രതിസന്ധിയിൽ വീർപ്പ്മുട്ടി ചക്രശ്വാസം വലിക്കുന്ന ഒരു സംസ്ഥാനത്തെ വാഹന ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ശാസ്ത്രീയമായ റോഡ് വികസനത്തിലേക്ക് സംസ്ഥാനത്തെ നയിക്കുകയും ജനങ്ങൾക്കിടയിൽ മെച്ചപ്പെട്ട റോഡ് സുരക്ഷാ ബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന അതിബ്രഹത്തായ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ അതിന്റെ പദ്ധതികളും നയപരിപാടികളും നാരിഴകീറി വിശകലനം ചെയ്യുകയും വിപ്ലവകരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും അത് ആർജ്ജവത്തോടെ നടപ്പാക്കുകയും ചെയ്യുന്ന ചെയ്യുന്ന പരമോന്നത നയ രൂപീകരണ സഭ എന്ന നിലയിലാണ് അവോക് സംസ്ഥാന കമ്മിറ്റി പ്രവർത്തിക്കുക.
Article6/Section5/A:സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ അധികാരങ്ങളും ചുമതലകളും:
സുപ്രീം കൗൺസിൽ നിർദ്ദേശിക്കുന്ന അജണ്ടകളുടെയും പ്രവർത്തന പദ്ധതികളുടെയും പരിപാടികളുടെയും കുറിച്ചുള്ള വിശദമായ ചർച്ചകൾ നടക്കുന്നതും അവയ്ക്ക് വോട്ടിങ്ങിലൂടെ അംഗീകാരം നൽകുന്നതും തിരസ്കരിക്കുന്നതും സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ ആയിരിക്കും. സംഘടനയുടെ സംസ്ഥാന തലത്തിൽ നടപ്പാക്കേണ്ട പദ്ധതികളും പരിപാടികളും ചർച്ച ചെയ്യേണ്ടതും ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടതും സ്റ്റേറ്റ് ഗവേണിങ് കൗൺസിലാണ്. വിവിധ പ്രശ്നങ്ങളിലും വിഷയങ്ങളിലുമുള്ള സംഘടനയുടെ അഭിപ്രായവും പ്രതിഷേധവും അഭിനന്ദനവും രേഖപ്പെടുത്താനുള്ള പ്രമേയാവതരണവും ചർച്ചയും അതിന്മേലുള്ള വോട്ടിങും നടക്കുന്നതും സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിലിൽ ആണ്. കൂടാതെ അസോസിയേഷന്റെ വാർഷിക പദ്ധതികൾക്കും പരിപാടികൾക്കും അനുസൃതമായി വാർഷിക സാമ്പത്തിക ബജറ്റ് അവതരിപ്പിക്കേണ്ടതും ബജറ്റിന്റെ 35 ശതമാനത്തിൽ കൂടുതലുള്ള ധനവിനിയോഗ ബില്ലുകൾ പാസാക്കേണ്ടതും സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ ആണ്.
Article6/Section5/B:സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ യോഗ നടപടികൾ;
സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ആണ് സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ യോഗം ചേരുക. സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ യോഗം സാധാരണ ഗതിയിൽ നടക്കേണ്ടത് അവോക് ഹെഡ് ക്വാർട്ടറിൽ ആയിരിക്കണം. എന്നാൽ ഏതെങ്കിലും സവിശേഷാവസരങ്ങളിൽ സൗകര്യപ്രദമായ മറ്റിടങ്ങളിൽ സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റിന്റെ പ്രത്യേക അനുമതിയോടെ നടത്താവുന്നതാണ്. സംസ്ഥാന പ്രസിഡന്റിന്റെ അഭാവത്തിൽ അദ്ദേഹം നിർദ്ദേശിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ യോഗം നടക്കേണ്ടത്. നിയതമായ അജണ്ടയുടെ അടിസ്ഥാനത്തിലായിരിക്കണം ഗവേണിംഗ കൗൺസിൽ ചേരേണ്ടത്. കൗൺസിൽ ചർച്ച ചെയ്യേണ്ട അജണ്ടകൾ ഏതെന്ന് തീരുമാനിക്കുന്നത് സുപ്രീം കൗൺസിൽ ആയിരിക്കും. എന്നാൽ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചക്കെടുക്കാനും അംഗങ്ങൾക്കിടയിൽ വോട്ടിങ്ങിനിടാനും സംസ്ഥാന പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും. അസോസിയേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളോടും നയങ്ങളോടും നീതി പുലർത്തുന്ന ഏത് നിർദ്ദേശങ്ങളും പ്രമേയങ്ങളും അംഗങ്ങൾക്ക് അജണ്ടയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കാവുന്നതാണ്. അവതരിപ്പിക്കപ്പെട്ട നിർദ്ദേശങ്ങളും പ്രമേയങ്ങളും ബില്ലുകളും അസോസിയേഷന്റെ ഭരണഘടനയ്ക്കോ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കോ നയങ്ങൾക്കോ വിരുദ്ധമാകുന്നതാണെങ്കിൽ സംസ്ഥാന പ്രസിഡന്റിന് അത്തരം നിർദ്ദേശങ്ങളും ബില്ലുകളും പ്രമേയങ്ങളും വീറ്റോ ചെയ്യാൻ അധികാരമുണ്ടായിരിക്കും. കീഴ് ഘടകങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും റിപ്പോർട്ടുകളും സംസ്ഥാന കൗൺസിലിൽ പ്രഥമ പരിഗണന ലഭിക്കേണ്ടതും അടിയന്തിരമായി പരിഹാരം കാണേണ്ടതുമാണ്. കൗൺസിലിൽ ചർച്ച ചെയ്യേണ്ട പൊതു വിഷയങ്ങൾ അവതരിപ്പിക്കേണ്ടത് സംസ്ഥാന പ്രസിഡന്റാണ്. എന്നാൽ ഒാരോ ജില്ലാ കമ്മിറ്റികളുടെയും നിർദ്ദേശങ്ങളും ആവശ്യങ്ങളും അതത് ജില്ലയുടെ പ്രതിനിധികളായ കൗൺസിൽ അംഗങ്ങളാണ് അവതരിപ്പിക്കേണ്ടത്. അവതരിപ്പിക്കപ്പെട്ട ബില്ലുകളും നിർദ്ദേശങ്ങളും വിശദമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. ചർച്ചകൾക്ക് ശേഷം വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കേണ്ടത്. പ്രാഥമികമായി 40 അംഗങ്ങളുടെ 40 വോട്ടുകളാണ് സഭയിലുള്ളത്. ബില്ലുകളിലും പ്രമേയങ്ങളിലുമുള്ള വോട്ടിംഗിൽ 20 /20 എന്ന സമനിലയാണ് ഫലമെങ്കിൽ സംസ്ഥാന പ്രസിഡന്റിന് അദ്ദേഹത്തിന്റെ പ്രത്യേകാധികാരമുപയോഗിച്ചു കാസ്റ്റിംഗ് വോട്ടിലൂടെ അന്തിമ തീരുമാനമെടുക്കാവുന്നതാണ് . ഗവേർണിംഗ് കൗൺസിലിൽ പാസാക്കപ്പെടുന്ന ധനവിനിയോഗ ബില്ലുകൾ, പ്രമേയങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ അന്തിമമായിരിക്കും. എന്നാൽ അവോക്കിന്റെ ഭരണഘടനയ്ക്കോ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കോ നിലപാടുകൾക്കോ നയങ്ങൾക്കോ വിരുദ്ധമാണ് എന്ന് പിന്നീട് ആക്ഷേപമുണ്ടാവുകയോ ബോധ്യപ്പെടുകയോ ചെയ്താൽ അത് ഉപരിസഭയായ സുപ്രിം കൗൺസിലിന് പരിശോധിക്കാവുന്നതും ആവശ്യമെങ്കിൽ റദ്ദ് ചെയ്യാൻ സംസ്ഥാന പ്രസിഡന്റിനോട് ശുപാർശ ചെയ്യാവുന്നതുമാണ്. 40 അംഗങ്ങളുള്ള സംസ്ഥാന കൗൺസിൽ ചേരുന്നതിന് ഏറ്റവും കുറഞ്ഞത് 27 അംഗങ്ങൾ ഹാജരുണ്ടാവണം. ഒരു ജില്ലയിൽ നിന്ന് ഒരു പ്രതിനിധി നിർബ്ബന്ധമായും സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ യോഗങ്ങത്തിൽ പങ്കെടുത്തിരിക്കേണ്ടതാണ്.
Article6/Section5/C: സുപ്രീം കൗൺസിൽ;
സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ അംഗങ്ങളിൽ നിന്ന് പ്രത്യേകമായി തിരഞ്ഞെടുക്കുന്ന 7 അംഗങ്ങളും 2 സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരും സംസ്ഥാന പ്രസിഡന്റും ഉൾപ്പെടുന്ന 10 അംഗ ഭരണ നിർവ്വഹണ ഉപരിസഭയാണ് സുപ്രിം കൗൺസിൽ. സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിലിൽ പാസാക്കപ്പെടുന്ന സാമ്പത്തിക ബില്ലുകളും പ്രവർത്തന പദ്ധതികളും പരിപാടികളും പ്രാവർത്തികപഥത്തിൽ കൊണ്ടുവരികയെന്നതാണ് സുപ്രിം കൗൺസിലിന്റെ പ്രധാന ചുമതല. അടിയന്തിര സാഹചര്യങ്ങളിൽ എടുക്കേണ്ട നിർണ്ണായക തീരുമാനങ്ങൾ എടുക്കാനും സമയബന്ധിതമായി നടപ്പിലാക്കാനും സുപ്രിം കൗൺസിലിന് അധികാരമുണ്ട്. സംസ്ഥാന പ്രസിഡന്റിന്റെയൊ അദ്ദേഹത്തിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റിന്റെയൊ അദ്ധ്യക്ഷതയിൽ ആണ് സുപ്രിം കൗൺസിൽ ചേരേണ്ടത്. അടിയന്തിര സാഹചര്യങ്ങളിൽ ലഭ്യമായ അംഗങ്ങളെ വെച്ച് സുപ്രിം കൗൺസിൽ ചേരാനും തീരുമാനങ്ങൾ എടുക്കാനും സുപ്രിം കൗൺസിലിന് അധികാരമുണ്ടെങ്കിലും സാധാരണ ഗതിയിൽ 7 അംഗങ്ങളും നിർബ്ബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
Article6/Section5/D:സുപ്രീം കൗൺസിൽ തിരഞ്ഞെടുപ്പ്;
സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ അംഗങ്ങൾ സുപ്രീം കൗൺസിൽ അംഗത്വത്തിനുള്ള നോമിനേഷൻ നൽകേണ്ടത് ഗാർഡിയൻ കൗൺസിലിനാണ് . ലഭിച്ചിട്ടുള്ള നോമിനേഷനുകളുടെ സൂക്ഷ്മ പരിശോധന, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച വിദ്യാഭ്യാസ യോഗ്യതകളും പ്രവർത്തന പരിചയവും കഴിവും ഉള്ളവരെയാണ് സുപ്രീം കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുക.
Article6/Section5/E:സ്റ്റേറ്റ് വൈസ് പ്രസിഡന്റ്.
സംസ്ഥാന പ്രസിഡന്റിന്റെ അസാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ പ്രസിഡന്റ് പ്രത്യേകമായി ചുമതലപ്പെടുത്തിയ കാര്യങ്ങൾ നിർവ്വഹിക്കേണ്ട അവോക് ഭരണഘടന സംവിധാനമാണ് വൈസ് പ്രസിഡന്റ്. ധനവിനിയോഗ ബില്ലുകൾ ഒഴികെയുള്ള എല്ലാ ബില്ലുകളിലും പ്രമേയങ്ങളിലും ഫയലുകളിലും ഒപ്പ് വെക്കാൻ വൈസ് പ്രസിഡന്റിന് അധികാരമുണ്ട്. പ്രസിഡന്റിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ പ്രത്യേകാനുമതിയോടെ സ്റ്റേറ്റ് ഗവേണിംഗ് കൗൺസിൽ, സുപ്രീം കൗൺസിൽ എന്നിവ വിളിച്ചു ചേർക്കുന്നതിനും തിരുമാനങ്ങളെടുക്കുന്നതിനും വൈസ് പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും. എന്നാൽ അത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് ലഭ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് രേഖാ മൂലമോ ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചോ പ്രസിഡന്റിനെ അറിയിക്കേണ്ടതും അനുമതി വാങ്ങുകയും ചെയ്യേണ്ടതാണ്. പ്രസിഡന്റിന്റെ അനുമതി ലഭിക്കാത്ത ഒരു തീരുമാനവും നടപ്പിലാക്കാൻ വൈസ് പ്രസിഡന്റിനൊ സുപ്രിം കൗൺസിലിനൊ അധികാരമുണ്ടാവുകയില്ല.
Article6/Section5/F:സ്റ്റേറ്റ് പ്രസിഡന്റ്;
അസോസിയേഷൻ ഒാഫ് വെഹിക്കിൾ ഒാണേഴ്സ് കേരളയുടെ പ്രവർത്തന ലേഖല കേരള സംസ്ഥാനം ആയതിനാൽ സംഘടനയുടെ തലവനും പരമാധികാരിയും സംസ്ഥാന പ്രസിഡന്റ് ആണ്. അസോസിയേഷൻ അതിന്റെ കാലിക പ്രസക്തവും വെല്ലുവിളികൾ നിറഞ്ഞതുമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കിന്നതിന് മുന്നിൽ നിന്ന് നെഞ്ചുറപ്പോടെ നയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് സംസ്ഥാന പ്രസിഡന്റിനുള്ളത്. സങ്കീർണ്ണമായ ജാതി,മത,രാഷ്ട്രീയ ധാരകളും നിരവധി ഉൾപ്പിരിവുകളുമുള്ള ഒരു ബഹുസ്വര സമൂഹത്തെയാണ് സംഘടനക്ക് സംബോധനചെയ്യാനുള്ളത്. ആ ബഹുസ്വരതയെ മാനിച്ചുകൊണ്ടും പൊതു സമൂഹത്തിന്റെ വിശ്വാസവും പിന്തുണയും ആർജിച്ചുകൊണ്ടും സംഘടനയെ അതിന്റെ വിജയ വഴികളിലൂടെ ലക്ഷ്യത്തിലേക്ക് നയിക്കാൻ പ്രസിഡന്റിന് സാധിക്കേണ്ടതുണ്ട്. സർവ്വോപരി വർത്തമാന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ കൃത്യമായി മനസിലാക്കി വെല്ലുവിളികളെയും പ്രശ്നങ്ങളെയും യുക്തിഭദ്രമായി സമീപിക്കാനും സംഘടനയുടെ നയ നിലപാടുകളിൽ ഉറച്ചുകൊണ്ട് പരിഹാരം കാണാനും അതിന് നേതൃത്വം നൽകാനും സംസ്ഥാന പ്രസിഡന്റ് പ്രാപ്തനായിരിക്കണം . 4 വർഷമാണ് സംസ്ഥാന പ്രസിഡന്റിന്റെ കാലാവധീ. എന്നാൽ അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്സ് കേരളയുടെ സ്ഥാപകനും സൃഷ്ടാവും എന്ന നിലയിൽ സംഘടയുടെ ഗാർഡിയൻ കൗൺസിൽ തലവൻ കൂടിയായ മംഗലശ്ശേരി നൗഫൽ എന്ന സ്ഥാപക സംസ്ഥാന പ്രസിഡന്റിന് ഇൗ കാലാവധി ബാധകമല്ല. സംഘടനയുടെ സ്ഥാപിത താല്പര്യങ്ങൾ ലക്ഷ്യം കാണുന്നത് വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരും.
Article6/Section5/G:സ്റ്റേറ്റ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്;
സ്ഥാപക സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിയുകയോ അദ്ദേഹത്തിന് ദേഹവിയോഗം സംഭവിക്കുകയോ ചെയ്താൽ സംഘടന പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട് . തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കുന്ന പ്രത്യേക റിട്ടേർണിംഗ് ഓഫീസറുടെ അധ്യക്ഷതയിൽ ആണ് സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള പ്രത്യേക യോഗം ചേരേണ്ടത്. സ്റ്റേറ്റ് ഗവേണിങ് കൗൺസിൽ അംഗങ്ങളിൽ നിന്ന് ഗാർഡിയൻ കൗൺസിൽ പ്രത്യേകം നോമിനേറ്റ് ചെയ്യുന്ന പരമാവധി 2 മത്സരാർഥികളിൽ നിന്ന് സ്റ്റേറ്റ് ഗവർണിങ് കൗൺസിൽ ആണ് വോട്ടിങ് അടിസ്ഥാനത്തിൽ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. സംസ്ഥാനകൗൺസിൽ അംഗങ്ങളായ 40 പേർക്ക് മാത്രമാണ് വോട്ടവകാശം ഉണ്ടായിരിക്കുക. മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥിയായിരിക്കും പ്രസിഡന്റായി അവരോധിക്കപ്പെടുക. എന്നാൽ ഏറ്റവും വോട്ട് ഇരുസ്ഥാനാർത്ഥികളും വോട്ടിംഗിൽ തുല്ല്യ നില പാലിക്കുന്ന സാഹചര്യം സംജാതമായാൽ സംസ്ഥാന പ്രസിഡന്റിനെ അന്തിമമായി തിരഞ്ഞെടുക്കാനുള്ള പൂർണ്ണാധികാരം ഗാർഡിയൻ കൗൺസിലിന് ഉണ്ടായിരിക്കുന്നതാണ്. ഗാർഡിയൻ കൗൺസിലിന് മുമ്പാകെയാണ് സംസ്ഥാന പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കേണ്ടത്.
Article6/Section5/G:സംസ്ഥാന പ്രസിഡന്റിന്റെ അധികാരങ്ങളും ചുമതലകളും;
1.അസോസിയേഷൻ ഒാഫ് വെഹിക്കിൾ ഒാണേഴ്സ് കേരളയുടെ പരമാധികാരിയാണ് സംസ്ഥാന പ്രസിഡന്റ്. സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ പാസാക്കുന്ന ഭരണപരവും നയപരവുമായ എല്ലാ തീരുമാനങ്ങളും സാമ്പത്തിക ബില്ലുകളും പ്രമേയങ്ങളും അന്തിമമായി സംഘടനയുടെ ഔദ്യോഗിക തീരുമാനമാകുന്നത് സംസ്ഥാന പ്രസിഡന്റ് ഒപ്പു വെക്കുന്നതോടു കൂടി മാത്രമായിരിക്കും .
2.അടിയന്തിര സാഹചര്യങ്ങളിൽ ലഭ്യമായ സുപ്രീം കൗൺസിൽ യോഗം വിളിച്ചു കൂട്ടാനും തീരുമാനങ്ങളെടുക്കാനും അത് നടപ്പാക്കാനും പ്രസിഡന്റിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കും.
3.സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടി വിവിധ വകുപ്പ്തല സിക്രട്ടറിമാരെയും മറ്റുദ്യോഗസ്ഥരെയും നിയമിക്കാനുള്ള അധികാരം സംസ്ഥാന പ്രസിഡന്റിന് ഉണ്ടായിരിക്കും
4.അസോസിയേഷന്റെ കീഴിലോ പങ്കാളിത്തത്തിലോ സ്ഥാപിക്കപ്പെടുന്ന മുഴുവൻ സാങ്കേതിക വിഭാഗങ്ങളുടെയും വാണിജ്യ വ്യവസായ സംരംഭങ്ങളുടെയും നിയന്ത്രണാധികാരം സംസ്ഥാന പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കും.
5.അസോസിയേഷന്റെ ധനകാര്യവും അതിന്റെ വിനിയോഗവും സംസ്ഥാന പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരിക്കും. എന്നാൽ വാർഷിക ബജറ്റിന്റെ 35ശതമാനത്തിൽ കൂടുതൽ തുകക്കുള്ള ധനവിനിയോഗം സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിലിന്റെ അംഗീകാരത്തോടെ മാത്രമേ നടത്താൻ പാടുള്ളു.