Association of Vehicles Owners Kerala - AVOK MEMBERSHIP
Message Details

വാഹന ഉടമകൾക്ക് ഇനി ചോദിക്കാനും പറയാനും ആളുണ്ട്

 പതിവ് പോലെ  അസംഘിടതരായ ജനവിഭാഗങ്ങൾക്ക്  മേൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അന്യായ നികുതികളും സെസ്സുകളും  അടിച്ചേൽപ്പിക്കപ്പെട്ട മറ്റൊരു സാമ്പത്തിക വർഷാരംഭം.  സാമ്പത്തിക ശാസ്ത്രത്തിന്റെ അലകും പിടിയും ഇനിയും പിടികിട്ടാത്ത പൊളിറ്റിക്കൽ പാർട്ടികളുടെ ആഭാസങ്ങളുടെയും ആർഭാടങ്ങളുടെയും  രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികളുടെ കൊള്ളയുടെയും  ഫലമായി സംഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി  മറികടക്കാൻ  കാലാകാലങ്ങളായി ഇടത് വലത്   സർക്കാരുകൾ  പൗരന്റെ മേൽ നടപ്പാക്കുന്ന  നികുതി ഭീകരതയുടെ മറ്റൊരധ്യായം ഇതാ ഇവിടെ തുടങ്ങിക്കഴിഞ്ഞു.   

ചോദിക്കാനും പറയാനും ആരുമില്ലാത്ത രണ്ട് അസംഘിടത വിഭാഗങ്ങളാണ് സ്ഥിരമായി സർക്കാരിന്റെ ടാക്സ് ടെററിസത്തിനു ഇരയാകാറുള്ളത്. അതിലൊന്ന്  ബവ്റിജസ് കോർപറേഷനെ ആശ്രയിക്കുന്ന  മദ്യപാനികളാണ്.   വീട്ടിൽ അരി വാങ്ങിയില്ലെങ്കിലും ബെവ്‌കോ ഔട്ലെറ്റിൽ മണിക്കൂറുകളോളം അച്ചടക്കത്തോടെ ക്യു പാലിച്ച് ,  ജവാനും ജോണി വാക്കറും ഓൾഡ് മങ്കും കൊള്ളവിലക്ക് വാങ്ങി ദിവസേന കിട്ടുന്ന കൂലി കയ്യോടെ  ഖജനാവിലേക്ക്  കൈമാറുന്ന, സർക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ മദ്യപാനികളാണ്. 

 കഴുതകളെ പോലെ,  സർക്കാർ മുതുകിൽ കെട്ടിവെക്കുന്ന  എത്ര ഭാരമുള്ള നികുതിഭാണ്ഡവും നിശബ്ദമായി ചുമക്കാൻ വിധിക്കപ്പെട്ട രണ്ടാമതൊരു  അസംഘടിത വിഭാഗമുണ്ട് കേരളത്തിൽ.  അവർ ആരാണെന്നറിയാമോ ?  ആ വിഭാഗത്തെ കുറിച്ചാണ് ഞാൻ വിശദമായി പറയാൻ പോകുന്നത്.  അതിന്റെ മുമ്പ് ഞാൻ ആരാണെന്ന് പരിചയപ്പെടുത്തുന്നത് നന്നായിരിക്കും . എൻ്റെ പേര് മംഗലശേരി നൗഫൽ . അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്‌സ് കേരള അഥവാ അവോക് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആണ് . 

നിങ്ങൾ കോവർ കഴുതകളെന്നു കേട്ടിട്ടില്ലേ. കഴുതകൾക്കിടയിൽ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വിഭാഗമാണ് കോവർ കഴുതകൾ. അമിതഭാരമുള്ള വസ്തുക്കൾ വഹിക്കാൻ യജമാനന്മാർ ഉപയോഗിക്കുന്ന, സാധാരണ കഴുതകളേക്കാൾ  ഇരട്ടി ഭാരം വഹിക്കാൻ വിധിക്കപ്പെട്ട  പരമ സാധുവായ ഒരു മൃഗമാണത്. എന്നാൽ  ഞാനിവിടെ പറയാൻ പോകുന്നത് വേറെ ചില കഴുതകളെ കുറിച്ചാണ്. അതായത്   കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ  സാമ്പത്തിക പ്രതിസന്ധികളുടെ ഭാരം വഹിക്കാൻ വിധക്കപ്പെട്ട  ഞാനും നിങ്ങളുമടങ്ങുന്ന കേരളത്തിലെ വാഹന ഉടമകളായ  12 മില്യൺ കോവർ കഴുതകളെ കുറിച്ചാണത് . സ്വന്തമായി വാഹനമുള്ളവർ ശ്രദ്ധിച്ചു കേൾക്കണം .   

ചോദിക്കാനും പറയാനും ആരുമില്ല എന്ന ബലത്തിൽ വാഹന ഉടമകളുടെ മുതുകത്ത് വെച്ചുകെട്ടിയിരിക്കുന്നത് ഒരു സാധാരണ വാഹന ഉടമയ്ക്ക് ഒരുതരത്തിലും വഹിക്കാൻ കഴിയാത്തത്ര ഭാരമുള്ള നികുതികളാണ്.  കേരത്തിലെ  വാഹന ഉടമകളുടെ  ശരാശരി വരുമാനത്തിന്റെ വലിയൊരു പങ്ക്  ഈ  നികുതികളുടയും സെസുകളുടെയും ട്രാഫിക് പിഴകളുടെയും  പേരിൽ ഇടത് വലത് മധ്യ  സർക്കാറുകൾ കാലങ്ങളായി കൊള്ളയടിച്ചു കൊണ്ടേയിരിക്കുകയാണ്. വാഹന ഉടമളിൽ നിന്ന് കുറഞ്ഞത് 1000 കോടി രൂപ ട്രാഫിക് പിഴയിനത്തിൽ പിഴിഞ്ഞെടുക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും   രണ്ടാഴ്ച മുമ്പ് ധനകാര്യ മന്ത്രി നൽകിയ ഉത്തരവ് നിങ്ങളോർക്കുന്നുണ്ടാകും.  വാഹന വില്പനയിൽ തുടങ്ങി  രജിസ്‌ട്രേഷനിലും പെർമിറ്റിലും ടോളിലും  ഇന്ധനവിലയിലും അങ്ങനെ തൊടുന്നിടത്തെല്ലാം  വാഹന ഉടമകളെ  കണ്ണിൽ ചോരയില്ലാത്ത കൊള്ള ചെയ്യുന്ന ഇതുപോലൊരു  സർക്കാർ സംവിധാനം  ഇന്ന് ലോകത്തെവിടയും നിലവിലില്ല. 200 ശതമാനത്തിലധികം നികുതിയും സെസുകളും ഒടുക്കി  തീ വിലയിൽ  പെട്രോളും ഡീസലും വാങ്ങുന്ന ഗതികെട്ട വാഹന ഉടമകൾ ഈ നാട്ടിലല്ലാതെ  വേറൊരിടത്തും  നമുക്ക് കാണാൻ കഴിയില്ല.

അന്യായ റോഡ് ടാക്‌സും 200 ശതമാനം ഫ്യൂവൽ ടാക്‌സും  പുറമെ ഫ്യൂവൽ സെസും റോഡ് സുരക്ഷാ സെസും  വാഹന ഉടമകളിൽ നിന്ന് ഊറ്റിയെടുക്കുന്ന സർക്കാർ,  വാഹനമോടിക്കാനായി  നിർമ്മിച്ച് നൽകുന്ന  റോഡുകളുടെ കാര്യം ഒന്നാലോചിച്ചു നോക്കൂ. ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളിൽ പോലും കാണാത്ത വിധം  നിലവാരമില്ലാത്തതും  അശാസ്ത്രീയവും അപകടം നിറഞ്ഞതുമായ റോഡുകളാണ് കേരളത്തിൽ  നിർമ്മിക്കപ്പെടുന്നത്. ഇതിന്റെ ഫലമാണ് നമ്മുടെ സംസ്ഥാനത്ത്  സംഭവിക്കുന്ന എണ്ണമറ്റ വാഹനാപകടങ്ങളും മരണങ്ങളും. വർഷാവർഷം ശരാശരി നാലായിരത്തി അഞ്ഞൂറ് മനുഷ്യരാണ് റോഡുകളിൽ  ചതഞ്ഞരഞ്ഞു മരിക്കുന്നത്. അതിന്റെ പത്തിരട്ടി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്.   ഈ  റോഡപകടങ്ങൾ പഠന വിധേയമാക്കിയാൽ യഥാർത്ഥ അപകട കാരണം റോഡുകളുടെ അശാസ്ത്രീയതയും  യഥാർത്ഥ കുറ്റവാളികൾ  റോഡ് നിർമ്മിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരാണെന്നും നമുക്ക് കാണാൻ കഴിയും.

നികുതി ഭീകരത മാത്രമല്ല സർക്കാർ സംവിധാനങ്ങൾ വാഹന ഉടമ കളോട് കാണിക്കുന്ന ക്രൂരതകൾ. ഒരു കോൺസ്റ്റബിളിനോ എന്തിനു ഹോം ഗാർഡിനോ പോലും  ഒരു വാഹന ഉടമയെ നടുറോഡിൽ അന്യായമായി തടഞ്ഞു നിർത്താം. നിർത്തിയ വണ്ടിയുടെ താക്കോൽ ഊരിയെടുക്കാം.  തെറിയഭിഷേകം നടത്താം, വാഹനം പിടിച്ചുവെക്കാം. പരസ്യമായി കരണത്തടിക്കാം, അടിച്ചു കൊല്ലം. എന്ത് ചെയ്താലും വാഹന ഉടമക്ക് വേണ്ടി ആരും ചോദിക്കാൻ വരില്ല  എന്നവർക്കുറപ്പുണ്ട്. 

തൃപ്പൂണിത്തുറയിൽ  മനോഹരനെന്ന ഒരു പാവം വാഹന ഉടമയെ സ്ഥലം  എസ് ഐ നടുറോഡിൽ തല്ലിക്കൊന്നത് കഴിഞ്ഞയാഴ്ചയാണ്. പെട്ടെന്ന് കണ്ണില്പെടാത്ത വളവിൽ  പതുങ്ങി നിന്ന പോലീസുകാരെകാണാതെ തന്റെ ബൈക്  ഒരല്പം മുന്നോട്ട്  നിർത്തിയതിയതിനാണ്  ആ വാഹന ഉടമയെ ഹിൽ പാലസ് സ്റ്റേഷനിലെ ഉദ്യഗസ്ഥൻ എസ്‌ഐ ജിമ്മി ജോസ് അടിച്ചുകൊന്നത്.  തങ്ങൾ ചൂണ്ടിയ വിരലിനപ്പുറം ഒരു വാഹനം കടക്കുന്നത് അതിന്റെ ഉടമക്ക്  വധശിക്ഷ വരെ നൽകാവുന്ന  കൊടുംപാതകമായി കണക്കാക്കാൻ കേരളത്തിലെ പൊലീസുകാരെ  പ്രേരിപ്പിക്കുന്നത്  വാഹന ഉടമകളുടെ അസംഘടിതമായ അവസ്ഥയാണ്.  മനോഹരന് നേരെ എസ് ഐ  ജിമ്മി ജോസിന്റെ കൈ പൊങ്ങിയത് അയാൾക്ക് വേണ്ടി ശബ്ദിക്കാൻ ആരും വരില്ല  എന്ന ഒരൊറ്റ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുമാണ്. 

അതെ പോലെ കണ്ണൂരിൽ ഓടുന്ന കാറിനു തീ പിടിച്ചു  ഒരു ഗർഭിണിയും അവരുടെ ഭർത്താവും വെന്തുമരിച്ച സംഭവത്തിൽ വാഹന നിർമ്മാതാക്കളെ രക്ഷിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും മറ്റും  ചേർന്നവതരിപ്പിച്ച  പെട്രോൾ ബോട്ടിൽ സിദ്ധാന്തം  ഇതിനോട് ചേർത്ത് വായിക്കണം . കത്തുന്ന കാറിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ആ ഏഴ് വയസുകാരിയുടെ ഭാവിക്ക് വേണ്ടി   ലഭിക്കേണ്ട  ന്യായമായ നഷ്ടപരിഹാരം പോലും നിഷേധിക്കപ്പെടാൻ പോന്നതാണ് ഈ പെട്രോൾ ബോട്ടിൽ സിദ്ധാന്തം.  സംഭവം നടന്നയുടൻ, പ്രാഥമിക പരിശോധന പോലും നടക്കുന്നതിനു മുമ്പ്   തീ പിടിക്കാൻ കാരണം കാറിൽ ഘടിപ്പിച്ച ക്യാമറയുടെ വയറിങ് ആണെന്നും തീ പടരാൻ കാരണം  വാഹനത്തിൽ സൂക്ഷിച്ച പെട്രോൾ ബോട്ടിലാണെന്നും  ഒരു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചു കളഞ്ഞു. അതായത് അപകടത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും  ആ വാഹന ഉടമയുടെ മേൽ കെട്ടിവെച്ച്  കാറിന്റെ നിർമ്മാണതകരാറുകൾ  മറച്ചുപിടിക്കാനും ഇൻഷുറൻസ് കമ്പനിയെ നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് ഒഴിവാക്കാനും ശ്രമിക്കുകയായിരുന്നു ആ ഉദ്യോഗസ്ഥൻ.   വാഹനം പൂർണ്ണമായും കത്തി നശിച്ചിട്ടും തീ പടരാൻ കാരണമായ പെട്രോൾ സൂക്ഷിച്ച പ്ലാസ്റ്റിക് ബോട്ടിൽ കാറിനുള്ളിൽ നിന്ന്  കത്താതെ  കണ്ടെത്തിയ ഫോറൻസിക് ഉദ്യോഗസ്ഥനും പെട്രോൾ ബോട്ടിൽ സിദ്ധാന്തമ വതിരിപ്പിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും  ആ കാറിന്റെ  കമ്പനിയിൽ നിന്നും ഇൻഷുറൻസ് കമ്പനിയിൽ നിന്നും  എത്ര കിട്ടി എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. വാഹന ഉടമകളോട് എന്തുമാകാമെന്നും ആരും ചോദിക്കാൻ വരില്ലെന്നുമുള്ള ധൈര്യത്തിലാണ്  ഉദ്യോഗസ്ഥർ ഈ വിധം അക്രമം പ്രവർത്തിക്കുന്നത്. 

ഗവൺമെൻറ് മിഷണറികൾ മാത്രമല്ല വാഹന നിർമ്മാണ കമ്പനികളും ഡീലര്മാരും സർവിസ് സെന്ററുകളും ഇൻഷുറൻസ് കമ്പനികളും വാഹനങ്ങളുമായി ബന്ധപ്പെട്ട  മറ്റ് ഉൽപന്ന  സേവന ദാതാക്കളും വാഹന ഉടമകളെ  നന്നായി ചൂഷണം ചെയ്യുന്നുണ്ട്. വാഹന നിർമ്മാണവുമായി ബന്ധപ്പെട്ട തകരാറുകൾ കമ്പനികൾ ഏറ്റെടുക്കാത്ത നിരവധി സംഭവങ്ങൾ നാം വാർത്തകളിൽ കണ്ടിട്ടുണ്ട്.  ഓടി പഴകിയ വണ്ടികൾ പുതിയതെന്ന വ്യാജേന വിൽക്കുന്ന ഡീലർമാരെയും  സർവീസ് ചെയ്യാതെ ചെയ്തു എന്ന റൊക്കോഡ് ഉണ്ടാക്കി ഉടമകളെ പറ്റിക്കുന്ന സർവീസ് സെന്ററുകളും  അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും  നൽകേണ്ട നഷ്ട പരിഹാരം മുടന്തൻ ന്യായങ്ങൾ പറഞ്ഞു കൊടുക്കാതിരുന്ന ഇൻഷുറൻസ് കമ്പനികളും ഈ നാട്ടിലല്ലാതെ വേറെയെങ്ങും നമുക്ക് കാണാൻ കഴിയില്ല. വാഹന ഉടമകൾക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്  ഈവക  അതിക്രമങ്ങളൊക്കെ  ഇവിടെ നടക്കുന്നത്. 

കേരളത്തിലെ വാഹന ഉടമകൾ സംഘടിതരല്ല എന്ന ഒറ്റക്കാരണത്താൽ അവരെ പലവിധ നികുതികളിലൂടെ  കൊള്ളയടിക്കുകയും നടുറോട്ടിൽ ശാരീരികമായി അക്രമിക്കുകയും അവരുടെ അഭിമാനത്തെ  ചോദ്യം ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ  നിലക്ക് നിർത്തേണ്ടതുണ്ട്.

വാഹനാപകടങ്ങൾക്കിരയായവർക്ക്  അർഹമായ  നഷ്ടപരിഹാരം നിഷേധിക്കുന്ന ഇൻഷുറൻസ് കമ്പനികളെയും  നിർമ്മാണത്തകരാറുള്ള വാഹനം വിറ്റ ശേഷം കൈമലർത്തുന്ന  കമ്പനികളെയും  വാഹന ഉടമകളുടെ അജ്ഞതയെ   ചൂഷണം ചെയ്യുന്ന സർവീസ് സെന്ററുകളെയും   കൺസ്യൂമർ റൈറ്റസിന്റെ  പുതിയ പാഠങ്ങൾ പഠിപ്പിക്കേണ്ടതുണ്ട്. 

വാഹനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്ന അശാസ്ത്രീയമായ റോഡ് നിർമ്മാണവും റോഡ് വികസനമെന്ന പ്രഹസനവും അവസാനിപ്പിക്കേണ്ടതുണ്ട്. 

 പുതിയ റോഡുകളടക്കം  കുത്തിപ്പൊളിച്ചു വികൃതമാക്കുകയും കുഴികളുണ്ടാക്കി അപകട സാഹചര്യമൊരുക്കുകയും ചെയ്യൂന്നവരെ തടയേണ്ടതുണ്ട്. 

ഗതാഗത്തിന് തടസമുണ്ടാക്കുന്ന എല്ലാതരം  റോഡ് കയ്യേറ്റങ്ങളും  ഒഴിപ്പിക്കേണ്ടതുണ്ട്. 

സർവ്വോപരി മലയാളികൾക്ക്  ശരിയായ റോഡ് സംസ്കാരവും ഡ്രൈവിംഗ് രീതികളും  പകർന്ന് നൽകേണ്ടതുണ്ട്.  

സുഹൃത്തുക്കളെ ...വാഹന ഉടമകളെ ...   .... നമ്മൾ  അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്‌സ് കേരള എന്ന ബ്രിഹത്തായ  പ്ലാറ്റ്ഫോമിൽ    ഒരുമിക്കുകയാണ്. അതെ നാം സംഘടിക്കുകയാണ്. ശക്തരാവുകയാണ്. റോഡ് ടാക്സ് അടക്കുന്ന പ്രത്യേക വിഭാഗം  എന്നനിലയിൽ റോഡുകളിലുള്ള  നമ്മുടെ  അവകാശവും അധികാരവും  പ്രഖ്യാപിക്കുകയാണ് , കേരളത്തിന് ഒരു പുതിയ റോഡ് സംസ്കാരം  പരിചയപ്പെടുത്തുകയാണ് . റോഡുകളിലെ രക്തക്കറകൾ മായ്ക്കുകയാണ്  .  കേരളം ഇന്നോളം കാണാത്ത, കേൾക്കാത്ത ഒരു റോഡ് വിപ്ലവത്തിന് നന്ദി കുറിക്കുകയാണ്. 


ഈ റോഡ് വിപ്ലവത്തിനായി  അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്‌സ് കേരള അഥവാ അവോക്  സർവ്വ സജ്ജമായിക്കഴിഞ്ഞിരിക്കുന്നു, യുക്തിഭദ്രവും ശക്തവുമായ   ഭരണഘടന, വ്യവസ്ഥാപിതവും ചലനാത്മകവുമായ  കേഡർ സംഘടനാ സംവിധാനം,    എന്തും നേരിടാൻ ഇച്ഛാശക്തിയുള്ള  നേതൃത്വം,   സംസ്ഥാന കമ്മിറ്റി ഓഫീസ്,  സംഘടനയെ കുറിച്ച് അറിയാനും അംഗത്വമെടുക്കാനും വെബ് പോർട്ടൽ ,  മൊബൈൽ ആപ്ലിക്കേനുകൾ,  അങ്ങനെ എല്ലാം. 

ഇനി വേണ്ടത് നിങ്ങളുടെ പിന്തുണ മാത്രമാണ് . കേരളത്തിലെ 12 മില്യൺ വാഹന ഉടമകളുടെ പിന്തുണയാണ് .  മതവും ജാതിയും രാഷ്ട്രീയവും മാറ്റിവെച്ച് നമുക്ക്  ഈ ലക്ഷ്യത്തിന്  വേണ്ടി, നമുക്ക് വേണ്ടി , ഇനിയുള്ള തലമുറകൾക്ക് വേണ്ടി, നമ്മുടെ നാടിന്‌ വേണ്ടി  അവോക് എന്ന പ്രസ്ഥാനത്തിൽ അണിചേരാം.  കേരളത്തിലെ മുഴുവൻ  വാഹന ഉടമകളെയും ഞങ്ങൾ  അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്‌സ് കേരള അഥവാ അവോകിലേക്ക്  സ്വാഗതം ചെയ്യുന്നു.  Thank you.